ആർ ഇ സിയെ കുറിച്ച് ഒരോർമ്മ പങ്കു വക്കുക പ്രയാസമുള്ള കാര്യമാണ്. കാരണം, അത് ഒന്നല്ല . പലതാണ്. പതിനായിരങ്ങളാണ്. ഒന്നിൽ നിന്ന് മറ്റൊന്നിലേക്കു ചുറ്റിപ്പടർന്നു വേർതിരിച്ചെടുക്കാൻ കഴിയാത്ത സങ്കീർണത. മഹാഭാരതവും അങ്ങിനെ ആയിരുന്നുവല്ലേ!
പലരെയും പോലെ എന്നെയും കേരളത്തിലെ ഒരു കുഗ്രാമത്തിൽ നിന്നാണ് ആർ ഇ സിയിലേക്കു പറിച്ചുനട്ടത്. അതുകൊണ്ടു തന്നെ ആംഗലേയസീമകൾ ഭേദിക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ധ്യാപകരും ഒരുകൂട്ടം അന്യഭാഷാ വിദ്യാർത്ഥികളും പറയുന്നത് മനസ്സിലാക്കാൻ കഴിയാതെ ഞാൻ കുഴങ്ങി. ഇട്ടോടിയാലോ എന്നും ചിന്തിക്കാതിരുന്നില്ല. പക്ഷെ പിന്നീട് കാലുറച്ചു. വിറയാർന്ന എന്റെ കാലുകൾക്കും മനസ്സിനും ശക്തിയും ഊർജ്ജവും പകർന്ന കലാലയത്തിന്റെ പടിക്കുമുന്നിൽ മനസ്സുകൊണ്ട് ശിരസ്സ് നമിച്ചുകൊണ്ടു ഞാൻ ഒരു കഥ പറയാം.
സാമ്പത്തിക ഞെരുക്കം നന്നേ ഉണ്ടായിരുന്ന ഒരു കാലമായിരുന്നു അന്ന്. ഈ പ്രതിസന്ധി പൊതുവെ എല്ലാവരെയും ബാധിച്ചിരുന്നു. അത്യാവശ്യം വേണ്ട ‘തക്കിട തരികിട വ്യാപാരങ്ങൾക്കും ആഖ്യാനങ്ങൾക്കും’ പണം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. തക്കിട തരികിട എന്ന് പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്, കേട്ടോ. ചില്ലറ മദ്യപാനം, ഒഴിച്ചുകൂടാൻ വയ്യാത്ത ദിനേശ് ബീഡി, ആൽമ്മാവിന് പുക, വല്ലപ്പോഴും ‘ടൗണിൽ’ പോയി ഒരു സിനിമ (കട്ടാങ്ങൽ ജയാ ടാക്കേസിൽ വെള്ളിയാഴ്ചത്തെ അവസാനത്തെ കളി, നിർബന്ധം), മണാശ്ശേരി തൊട്ടു മുക്കം വരെയും ചാത്തമംഗലം തൊട്ടു കുന്നമംഗലം വരെയുമുള്ള ഷാപ്പുതീണ്ടൽ, മുതലായവ ഇതിൽ പെടും. ഇതിനെല്ലാം വക കണ്ടെത്തിയിരുന്നത് ‘മെസ്സ് ബില്ലിന്’ അയച്ചുതന്നിരുന്ന പണത്തിൽ നിന്നായിരുന്നു. സ്വാഭാവികമായും ‘മെസ്സ് ഔട്ട്’ ആകുകയേ അപ്പോൾ നിവർത്തിയുണ്ടായിരുന്നുളൂ.
പിനീടുള്ള ആഹാരം പലരുടെയും ദയാദാക്ഷിണ്യം കൊണ്ട് നിവർത്തിച്ചു പോന്നു. കാന്റീൻ വിജയേട്ടൻ, ഹോട്ടൽ ഡി റാണി കട്ടാങ്ങൽ എന്നിവർ ഈ കർമ്മത്തിൽ ഭാഗഭാക്കുകളായി സ്തുത്യർഹമായ സേവനം അനുഷ്ട്ടിച്ചു . അന്ന് ഏറ്റവും ഭയപ്പെട്ടിരുന്നതും കാണാൻ ഇഷ്ടമില്ലാത്തതും ഇവിടങ്ങളിലെ ‘പറ്റു പുസ്തകം’ ആയിരുന്നു.
വൈകുന്നേരത്തെ കോളേജ് ബസ്സിൽ ‘ടൗണിലേക്ക്’ പോകുന്നവരെ തിരിച്ചറിഞ്ഞു അവരുടെ പകരക്കാരനായി (അവർ അറിഞ്ഞും അറിയാതെയും) ‘മെസ്സിൽ’ കയറി മൃഷ്ട്ടാന്നഭോജനം തരപ്പെടുത്തുന്നതും പതിവായിരുന്നു.ഇങ്ങിനെ ‘മെസ്സിൽ’ കയറി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചപ്പോൾ അതിലൂടെ ഒരു മത്സരബുദ്ധി വികസിപ്പിച്ചെടുക്കാനും കഴിഞ്ഞു. നഷ്ട്ടപെടുവാൻ ഒന്നേ ഉണ്ടായിരുന്നുള്ളു. നാണം! ആദ്യ മൂന്നു മാസത്തെ ‘ഓറിയെന്റേഷൺ’ കഴിഞ്ഞിറങ്ങുന്ന പുതുമുഖത്തിനു മുതിർന്നവർ മൂലത്തിൽ (മൂലം നാളിൽ എന്നും വായിക്കാം.) നട്ടു തരുന്ന ആൽമരം പരിപോഷിപ്പിച്ചു പടർന്നുപന്തലിപ്പിച്ചു തണലാക്കി നടക്കുമ്പോൾ നാണത്തിനു എന്ത് പ്രസക്തി!
ഇത്തരുണത്തിൽ, ഹോട്ടൽ ഡി റാണിയെക്കുറിച്ചു ഒരു വാക്ക് പറയാതെ വയ്യ. (ഇപ്പോൾ ആ സ്ഥാപനം പ്രവർത്തിക്കുന്നുണ്ടോ എന്നറിയില്ല.) കട്ടാങ്ങൽ ‘സെന്ററിൽ’ ‘ഇ ഹോസ്റ്റലിലേക്കും’ മുക്കത്തേക്കുമുള്ള വഴികളുടെ ഇടയിൽ വടക്കുമാറി സ്ഥാനം. മുൻവശത്തെ പ്രവേശനകവാടത്തിനു തൊട്ടു കിഴക്കുമാറി കിണർ. വളരെ ചരിത്രപ്രാധാന്യമുള്ള ഒന്നാണ് ഈ കിണർ. കട്ടാങ്ങൽ യുദ്ധത്തിന്റെ അന്ന്, ആദ്യമേ തന്നെ , ( 1977 നവംബർ 20 ) ഞങ്ങളുടെ ‘പറ്റു പുസ്തകം’ ആരോ എടുത്തു ഈ കിണറ്റിലാണ് തള്ളിയത്. പിന്നീട് മറ്റു പലതും തള്ളി. നൊമ്പരമുളവാക്കുന്ന ചരിത്രത്തിന്റെ ഭാഗമായി അതവിടെ കിടക്കട്ടെ.
ആർ ഇ സിയിൽ എത്തിയതിനു ശേഷം എന്റെ ആദ്യ ഭക്ഷണം ഡി റാണിയിൽ നിന്നായിരുന്നു. അത് വാങ്ങി തന്നത് നേരെ മുതിർന്ന ‘ബാച്ചിലെ’ വട്ടൻ നാണു (യഥാർത്ഥ പേരല്ല) ആയിരുന്നു. വളരെ ശുഷ്കിച്ച ശരീര പ്രകൃതിയുള്ള നാണു കോളേജ് ഗുസ്തി ടീമിൽ ‘പിൻ വെയിറ്റിൽ’ (48 കിലോ ശരീരഭാരത്തിൽ താഴെ ) മത്സരിച്ചിരുന്നു. തൃശ്ശർ നിന്ന് ചില തടിയന്മാർ വന്നിട്ടുണ്ട് എന്നറിഞ്ഞു ഓടി വന്നതാണ് അദ്ദേഹം. എന്നെ ആദ്യമായി ഭേദ്യം ചെയ്തതും നാണു തന്നെ. അദ്ദേഹത്തിന്റെ കൂടെ അതേ ശരീരപ്രകൃതിയോടു കൂടിയ കവിത്വം തുളുമ്പുന്ന ഒരു വ്യക്തി കൂടി ഉണ്ടായിരുന്നു. തടിയന്മാരെ എതിർപ്പൊന്നും കൂടാതെ ‘പെരുമാറാൻ’ അവസരം കിട്ടിയാൽ ശുഷ്കന്മാർക്കു നല്ല രസമാണല്ലോ. അതുതന്നെയായിരുന്നു വ്യാഘ്രങ്ങളുടെ ലക്ഷ്യവും. ( പിന്നീട് ഞാൻ കോളേജ് ഗുസ്തി ടീമിൽ ‘വെൽറ്റർ വെയ്റ്റ്’ (74 കിലോ ) വിഭാഗത്തിൽ നാണുവിനോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. നമ്മൾ എട്ടു വര്ഷം തുടർച്ചയായി ‘യൂണിവേഴ്സിറ്റി ചാമ്പ്യൻ’ മാരായിരുന്നു)
എന്റെ വിവരക്കേടുകൊണ്ടും നിർഭാഗ്യം കൊണ്ടും ഞാൻ ‘അഡ്മിഷൻ’ കഴിഞ്ഞു ഹോസ്റ്റലിൽ എത്തിയത് ‘ഫുൾ സെറ്റപ്പിലായിരുന്നു’. തേച്ചുമിനുക്കിയ കളസം, ‘ഫുൾ കൈ ഷർട്ട്’, കറുത്ത് മിനുങ്ങുന്ന ഷൂ ! വ്യാഘ്രങ്ങൾക്കു കുശാൽ! ഭേദ്യമുറകൾ പലതു കഴിഞ്ഞു ഞാൻ നിലംപൊത്തിയപ്പോൾ അവർ എനിക്ക് ദയയോടെ വസ്ത്രങ്ങൾ തന്നു. ആദ്യം കളസവും ഷർട്ടും. ഷർട്ടിനു മീതെ ബനിയൻ, കളസത്തിനു മീതെ അണ്ടർവെയർ (ഭാഗ്യത്തിന് തുളയുണ്ടായിരുന്നില്ല), ഇടത്തെ കാലിലെ ഷൂ വലതിലും വലത്തേതു ഇടതിലും. സൂപ്പർമാൻ, സ്‌പൈഡർമാൻ പോലെ. ആ രൂപത്തിൽ ‘എ ഹോസ്റ്റൽ’ തൊട്ടു കട്ടാങ്ങൽ ഡി റാണി വരെ. വഴിയിൽ പലരും എന്റെ അടുത്തെത്തി കുത്തിനോക്കി, അവരുടെ കണക്കുപുസ്തകത്തിൽ പേര് ചേർത്തു.
ഞാൻ കാടുകയറിപോയി അല്ലെ. തുടക്കത്തിൽ തന്നെ ഞാൻ പറഞ്ഞില്ലേ, എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നു. സങ്കീർണത! എതായാലും പ്രധാന കഥയിലേക്ക് വരാം.
‘മെസ്സ് ഔട്ട്’ ആയതു കൊണ്ട് മെസ്സിൽ കയറാൻ നിവർത്തിയില്ലെന്നു പറഞ്ഞല്ലോ. പോരാത്തതിന് ‘സെമസ്റ്റർ’ പരീക്ഷയുടെ സമയവും. മിക്കവാറും എല്ലാവരും ‘ടൗണിൽ’ ഒന്നും പോകാതെ മിനക്കെട്ടു പഠിക്കുന്ന സമയം. (‘കംബൈൻഡ് സ്റ്റഡി’ ആയിരുന്നു, പ്രധാനം. മൂന്നും നാലും പേര് ചേർന്ന കൂട്ടായ്മ. അന്നത്തെ ഞങ്ങളുടെ വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായിരുന്നു ഈ കൂട്ടായ്മകൾ.) അതുകൊണ്ടു തന്നെ ആരുടേയും പകരക്കാരനായി ‘മെസ്സിൽ’ പോകാനും നിവർത്തിയില്ല. വിജയേട്ടൻ തന്നെ ശരണം. അങ്ങിനെ വിജയേട്ടന്റെ ദയാവായ്പ്പിൽ കിട്ടിയ വൈകീട്ടത്തെ ചായയും മോന്തി ‘ഹോസ്റ്റലിലേക്ക്’ നടക്കുന്ന സമയം. ഞങ്ങൾ മൂന്ന് പേരുണ്ടെന്നാണ് ഓര്മ. ‘കാന്റീനിൽ’ നിന്ന് MB, (Main Building ) യിലേക്കുള്ള കുറുക്കു വഴിയിലൂടെ,( Hypotenuse ) ആകെയുള്ള ഒരു ദിനേശ് ബീഡിയും പങ്കിട്ടു ഞങ്ങൾ നടന്നു. MB യുടെ മുന്നിലുള്ള ‘ഗാർഡനിൽ’ ഞങ്ങൾ എത്തി. ‘ഗാര്ഡനിലൂടെ’ ആണല്ലോ കുറുക്കുവഴി. അവിടെ ചെടിക്കൂട്ടങ്ങൾ പലരൂപത്തിലും വലുപ്പത്തിലും വെട്ടിച്ചിട്ടപ്പെടുത്തി നിർത്തിയിരുന്നു. MB ക്കു തൊട്ടടുത്തുള്ള ഒരു ചെടിക്കൂട്ടത്തിനുള്ളിൽ വലിയതോതിൽ ഒരനക്കം! എതോ ജന്തു കയറിപ്പോയ പോലെ. വല്ല പട്ടിയോ കുറുക്കനോ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. (കുറുക്കന്റെ ശല്യം വല്ലാതെ ഉണ്ടായിരുന്ന കാലമായിരുന്നു. ആയിടക്ക് കുറുക്കൻ കയറി ഡസൻ കണക്കിന് പിള്ളേരെയും ‘മെസ്സിൽ’ കുമ്പിട്ടിരുന്നു പാത്രം കഴുകിയിരുന്ന പാവം പാചകക്കാരന്റെ പിടലിയിലും കടിച്ചു. രണ്ടു നാൾ പഠിപ്പു മുടക്കി കുറുക്കന്മാരെ ആഘോഷമായി വേട്ടയാടി. കടി കിട്ടിയവരെ കോളേജ് ബസ്സിൽ കുനൂർ കൊണ്ട് പോയി കുത്തി വെപ്പിച്ചു.) അപ്പോഴാണ് വള്ളിപ്പടർപ്പുകൾക്കിടയിലൂടെ മടക്കിക്കുത്തിയ ‘ലുങ്കി’ കണ്ണിൽപെട്ടത്. ഞങ്ങൾ തൊട്ടടുത്ത ചെടിക്കൂട്ടത്തിനു പിറകിൽ ഒളിച്ചു. എന്തോ പന്തികേടുണ്ട്. നേരം എകദേശം ഇരുട്ടിയിരുന്നു. വിചിത്രമായ ഒരു കാഴ്ചയാണ് മുന്നിൽ അനാവരണം ചെയ്യപ്പെട്ടത്. ആ മങ്ങിയ വെളിച്ചത്തിലും ഞങ്ങൾ കണ്ട കാഴ്ച……
ഒരാൾ ചുറ്റിനും പരതി നോക്കി ഒരു ‘ടി സ്‌ക്വയർ’ ചെടിക്കൂട്ടത്തിനുള്ളിലേക്കു തിരുകികയറ്റാൻ ശ്രമിക്കുന്നു. ‘ടി സ്‌ക്വയർ’ ഒളിപ്പിച്ചു വെക്കുകയാണ് ലക്‌ഷ്യം. സാധനം തൃപ്തികരമായി ഒളിപ്പിച്ചു എന്നുറപ്പാക്കിയതിനു ശേഷം അദ്ദേഹം ചെടിക്കൂട്ടത്തിൽ നിന്ന് പുറത്തേക്കു ചുറ്റി നോക്കി. പരിസരത്തൊന്നും ആരുമില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം അദ്ദേഹം സാവധാനം പുറത്തു വന്നു. ഇപ്പോൾ ആളെ വ്യക്തമായി. ആത്മാർത്ഥ സുഹൃത്ത്!
അവസാന വർഷ വിദ്യാർത്ഥിയായ നായകൻ എന്തിനു ‘ടി സ്‌ക്വയർ’ ചെടിക്കൂട്ടങ്ങളിൽ തിരുകിക്കയറ്റാൻ ശ്രമിച്ചു എന്നുള്ള ന്യായമായ സംശയം നിങ്ങൾക്കുമുണ്ടാകാം. അല്പം ജാള്യതയോടുകൂടിയാണെങ്കിലും പറയാതിരിക്കുന്നതെങ്ങിനെ.
അടുത്ത ദിവസം രാവിലെ നായകന്റെ GD (Geometrical Drawing) പരീക്ഷയാണ്. ഒന്നാം വർഷത്തെ GD ഒരു കീറാമുട്ടിയായി അന്ന് അദ്ദേഹത്തിന്റെ മുന്നിൽ വിഘ്‌നം സൃഷ്ട്ടിച്ചു നിൽപ്പുണ്ട്. ഇതു അവസാന ശ്രമമാണ്. വളരെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രം അറിയാവുന്ന രഹസ്യം. ഒരു അവസാന വർഷ വിദ്യാർത്ഥി ‘ഡി ഹോസ്റ്റൽ’ മുതൽ MB വരെ ‘ടി സ്ക്വയറും’ തൂക്കി ഒന്നാം വർഷ GD പരീക്ഷ എഴുതാൻ നടക്കുന്നതിന്റെ അനൗചിത്യം ( ജാള്യതയെന്നും വായിക്കാം ) ഒഴിവാക്കാനായിരുന്നു അദ്ദേഹത്തിന്റെ വെപ്രാളങ്ങൾ. ആത്മാർത്ഥ സുഹൃത്തുക്കൾക്ക് ഒരു ആഘോഷത്തിന് കൂടി വഴി വക്കേണ്ടെന്നും കരുതി കാണും. രാവിലെ ഭക്ഷണം കഴിക്കാനെന്ന വ്യാജേനെ ക്യാന്റീനിൽ പോകുക. അവിടെ നിന്ന് പരീക്ഷക്ക് അഞ്ചു മിനിറ്റുള്ളപ്പോൾ ചെടിക്കൂട്ടത്തിൽ എത്തുക. ‘ടി സ്‌ക്വയർ’ എടുത്തു MB യിലേക്ക് പായുക. വളരെ നല്ല പദ്ധതിയായിരുന്നു. പക്ഷെ ഞങ്ങൾ പുറകിലുണ്ടായിരുന്ന കാര്യം അദ്ദേഹം അറിഞ്ഞില്ല.
ഞങ്ങളും തയ്യാറെടുത്തു. പിറ്റേ ദിവസം രാവിലെ തന്നെ MB യുടെ മുന്നിലെ പല വിധ ചെടിക്കൂട്ടങ്ങൾക്കു പിറകിലൊളിച്ചു. പരീക്ഷക്ക് അഞ്ചു മിനിറ്റുള്ളപ്പോൾ നായകൻ എത്തി. ചെടിക്കൂട്ടത്തിൽ കൈഎത്തിച്ചു ‘ടി സ്‌ക്വയർ’ പുറത്തെടുത്തു. വലിയ ആഘോഷത്തോടെയും ആരവത്തോടെയും ഞങ്ങൾ അദ്ദേഹത്തെ ജാഥയായി തോളിലേറ്റി പരീക്ഷ ഹാളിൽ എത്തിച്ചു.
GD എന്ന കടമ്പ അദ്ദേഹം തപ്പിത്തടഞ്ഞു കടന്നു. ഇന്ന് ആയിരത്തിലേറെ തൊഴിലാളികളുള്ള സ്ഥാപനത്തിന്റെ തിളക്കമുള്ള നായകൻ!





LinkedIn
Instagram
Facebook